ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു
1 min readപനമരം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു.
ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച 50 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ വിദ്യാര്‍ത്ഥികള്‍ക്കായി നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് എന്നിവ പരിചയപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാലയങ്ങളിലേയ്ക്കെത്തിക്കാനാവുമെന്ന ആത്മവിശ്വാസം പകരുന്നതായിരുന്നു ക്യാമ്പ്.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷൻ സംവിധാനം കുട്ടികൾ തയാറാക്കിയത്. റാസ്‍പ്ബെറി പൈ കമ്പ്യൂട്ടർ, വിവിധ ഇലക‍്ട്രോണിക് ഉപകരണങ്ങൾ എന്നിവ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ തയാറാക്കുന്നതിന് പരിശീലനത്തിൽ ഉപയോഗിച്ചിരുന്നു.
സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുട്ടികള്‍ തന്നെയാണ് കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കിയത്.