കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധന നികുതി കുറച്ചു ; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്
1 min read
കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധന നികുതി കുറച്ചു ; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ നികുതി കുറച്ച് കേരളവും. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.
2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും എന്ന് ധനമന്ത്രി വ്യക്തമാക്കിയത്.