യാത്രയയപ്പുദിനത്തിലെ വിദ്യാർഥികളുടെ അഭ്യാസപ്രകടനം ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പനമരത്തും പരിശോധിച്ചു
യാത്രയയപ്പുദിനത്തിലെ വിദ്യാർഥികളുടെ അഭ്യാസപ്രകടനം ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പനമരത്തും പരിശോധിച്ചു
പനമരം : ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ അഭ്യാസപ്രകടനവും ചർച്ചയായതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പനമരത്തും പരിശോധന നടത്തി. തിങ്കളാഴ്ചയാണ് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദ്ദേശപ്രകാരം കല്പറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപിയും , അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എ സുമേഷും പനമരം സ്കൂളിലെത്തി സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചത്. യാത്രയയപ്പ് ദിനത്തിൽ ജീവന് ഭീഷണി ഉയർത്തും വിധത്തിൽ ബൈക്കും കാറും സ്കൂൾ മുറ്റത്തേക്ക് ഓടിച്ചു കയറ്റി അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിദ്യാർഥികൾക്കെതിരെ ലൈസൻ റദ്ദ് ചെയ്യുകയും, പിഴ ചുമത്തുകയും ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് സുധിൻ ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഞായറാഴ്‌ച പനമരം സ്കൂൾ മൈതാനത്തും വിദ്യാർഥികൾ വാഹനങ്ങൾ ഉപയോഗിച്ച് റേസിങ് അഭ്യാസങ്ങൾ നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതേ തുടർന്നായിരുന്നു പരിശോധന. കണിയാമ്പറ്റ സ്കൂളിലെ നാല് വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേരും ലൈസൻസ് ഉള്ളവരാണ്. അടുത്ത ദിവസം തന്നെ ഇവർക്കെതിരെ നടപടിയുണ്ടാകും.
കഴിഞ്ഞയാഴ്ചയിലായിരുന്നു യാത്രയയപ്പ് ദിനത്തിൽ പനമരം, കണിയാമ്പറ്റ സ്കൂളുകളിൽ വിദ്യാർഥികൾ വാഹനം കൊണ്ട് സാഹസികപ്രകടനങ്ങൾ നടത്തിയത്.
മറ്റുള്ളവരുടെ ജീവന് ഭീഷണിയുയര്‍ത്തിയും അമിതവേഗത്തിലും നിയമവിരുദ്ധമായും വാഹനം ഉപയോഗിച്ചവര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊള്ളുമെന്ന് നേരത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.