പതിനെട്ടാം വയസ്സില്‍ ഒരു വാനിൽ ഉലകം ചുറ്റാനൊരുങ്ങി അശ്വന്ത്
1 min readപതിനെട്ടാം വയസ്സില്‍ ഒരു വാനിൽ ഉലകം ചുറ്റാനൊരുങ്ങി അശ്വന്ത്
എഴുത്ത് : റസാക്ക് സി. പച്ചിലക്കാട്
കോട്ടത്തറ : യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. സുഹൃത്തുക്കൾക്കൊപ്പവും കുടുംബങ്ങൾക്കൊപ്പവും ഉള്ള യാത്രകളാണ് ഇതിൽ അധികവും. എന്നാൽ പതിനെട്ടാം വയസ്സിൽ സ്വന്തമായി ഓമ്നി വാൻ വാങ്ങി ഒറ്റയ്ക്ക് ഉലകം ചുറ്റും വാലിഭനാവാൻ ഒരുങ്ങുകയാണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ അശ്വന്ത്.
യാത്രകളോടുള്ള കമ്പംമൂലം ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കേരളത്തിന് പുറമെ കർണാടകയിലും ഗോവയിലും ചുറ്റികറങ്ങിയ ഈ യുവാവ് ഇന്ത്യ മുഴുവൻ കറങ്ങി കാണാനുള്ള ഒരുക്കത്തിലാണ്. ഓമശ്ശേരി മുത്തേടത്ത് സുരേഷ് – ജലജ ദമ്പതികളുടെ ഏക മകനായ അശ്വന്ത് കുറുമ്പാലക്കോട്ടയിലെ ബന്ധുവായ സഹോദരനൊപ്പമാണ് താമസം. ചെറുപ്പം മുതല്‍ തന്നെ യാത്രകളെ സ്‌നേഹിച്ചിരുന്ന അശ്വന്ത് ഉലകം ചുറ്റാൻ വയസ് 18 ആവാന്‍ കാത്തിരിക്കുകയായിരുന്നു. വയസ്സായതും ഉടനെ ഫോര്‍വീലര്‍ ലൈസന്‍സിനു അപേക്ഷിക്കുകയായിരുന്നു. ലൈസന്‍സ് ലഭിച്ച് അടുത്ത ആഴ്ച തന്നെ അശ്വന്ത് യാത്രകളാരംഭിച്ചു.
പ്രത്യേകം സജ്ജീകരിച്ച ഓമ്നിവാനിലാണ് ഒറ്റയ്ക്കുള്ള സഞ്ചാരം. ചെറിയ ജോലികൾ ചെയ്ത് സമ്പാദിച്ച 50000 രൂപയും വീട്ടുകാരുടെ ചെറിയ സഹായവും കൂടിയായപ്പോള്‍ സ്വന്തമായി ഓമ്നിവാൻ വാങ്ങി.17000 രൂപയുടെ ഇന്റീരിയല്‍ പണികള്‍ കൂടി കഴിച്ചപ്പോൾ വാഹനത്തിന് 77000 രൂപയായി. വാനില്‍ കിടക്കുവാനും, പഠിക്കുവാനും, പാകം ചെയ്യുവാനുമുള്ള എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി യാത്രകൾ ആരംഭിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ കേരളം മുഴുവൻ ‘ സോളോ വൺ ലൈഫ് ട്രാവലർ’ എന്ന ബോർഡും വെച്ച് യാത്ര ചെയ്തു. പിന്നീട് കർണാടകയും ഗോവയും ചുറ്റികണ്ടു. വിശ്രമവും പാചകവും വാഹനത്തിൽ തന്നെ. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ പെട്രോൾ പമ്പുകളെയും മറ്റും ആശ്രയിച്ചു. പാചകം ചെയ്യുന്നതിനായി ഡീസൽ സ്റ്റൗ വാഹനത്തിൽ കരുതിയിട്ടുണ്ട്. സ്വന്തമായി പാചകം ചെയ്ത് ഭക്ഷിക്കും. മൂന്നു സംസ്ഥാനങ്ങൾ ചുറ്റിക്കറങ്ങാൻ 26000 രൂപ ചിലവഴിച്ചു.
ഇനി ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ കൂടി കണ്ട ശേഷം അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും യാത്ര തിരിക്കാനാണ് പദ്ധതി. ഒരു കൗതുകമായി തുടങ്ങിയ യാത്ര ജീവിതാവസാനം വരെ കൊണ്ടുനടക്കാനാണ് ആഗ്രഹമെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. ഓരോ സംസ്കാരങ്ങളും രീതികളും മനോഹാരിതകളും ഒറ്റയ്ക്ക് കണ്ടാസ്വദിക്കാനാണത്രെ ഈ യുവാവിന്റെ ആഗ്രഹം. വിജനമായ പാതകളിൽ കൂടിവരെ തനിച്ച് വാഹനമോടിച്ച് യാത്രകൾ തുടരുമ്പോൾ തെല്ലും ഭയം തോന്നിയിട്ടില്ലെന്നാണ് അശ്വന്ത് പറയുന്നത്.
ബംഗളൂരിവിൽ ഒന്നാം വർഷ ബി.ബി.എ. വിദ്യാർഥിയായ അശ്വന്ത് ഇപ്പോൾ 21 ന് നടക്കുന്ന പരീക്ഷയുടെ ഒരുക്കത്തിലാണ്. പരീക്ഷ കഴിഞ്ഞയുടൻ തന്റെ യാത്രകൾ പുനരാരംഭിക്കും. യാത്രക്കിടയിലും തന്റെ വിദ്യാഭ്യാസം മുറുകെ പിടിച്ചിരിക്കുകയാണ് അശ്വന്ത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസമായതിനാല്‍ പഠനം യാത്രകള്‍ക്കൊരു തടസമാകാറില്ലെന്നും പറയുന്നു. മകന്റെ യാത്രാകമ്പത്തിന് രക്ഷിതാക്കളും പൂർണ പിന്തുണ നല്‍കുന്നത് അശ്വന്തിന് ഏറെ പ്രജോദനം കൂടിയാവുകയാണ്.