December 7, 2024

ചരക്കുവാഹനങ്ങൾ തടഞ്ഞു; റോഡിൽ കുത്തിയിരുന്ന് ലോറി ഡ്രൈവർമാരുടെ പ്രതിഷേധം : രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം നിലച്ചു

Share

ചരക്കുവാഹനങ്ങൾ തടഞ്ഞു; റോഡിൽ കുത്തിയിരുന്ന് ലോറി ഡ്രൈവർമാരുടെ പ്രതിഷേധം : രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം നിലച്ചു

ബത്തേരി: മൂലഹള്ളയിൽ കർണാടക ചെക്ക്‌പോസ്റ്റ് അധികൃതർ കേരളത്തിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താലാണ് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ വാഹനങ്ങൾ തടഞ്ഞത്. ഇതോടെ കേരളത്തിലേക്കുള്ള കർണാടകയുടെ ചരക്കുവാഹനങ്ങൾ തടയാൻ ലോറി ജീവനക്കാർ റോഡിൽ കുത്തിയിരുന്നു. രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിവരെ പരിശോധനയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോയത്. വൈകുനേരം നാലുമണിയോടെ പുതിയ നോഡൽ ഓഫീസർ ചെക്ക് പോസ്റ്റിൽ എത്തിയതോടെ കർണാടകയിലേക്ക് പോകുന്ന ചരക്കുവാഹന ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞാണ് അതിർത്തിയിൽ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് തടഞ്ഞിട്ട ലോറിയിലെ ജീവനക്കാർ കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങളും ദേശീയപാതയിൽ കുത്തിയിരുന്നു തടഞ്ഞു.

കർണാടകയിലേക്ക് പോകുന്ന ചരക്കു ലോറിജീവനക്കാർക്ക്‌ 15 ദിവസത്തിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന മതിയെന്നാണ് കർണാടക അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ 15 ദിവസ കാലാവധിയിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിട്ടും 72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റില്ലെന്ന കാരണത്താലാണ് കർണാടക അധികൃതർ തടഞ്ഞതെന്ന ആരോപണവുമുണ്ട്. പ്രതിഷേധം കാരണം രണ്ടുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം നിലച്ചു. ബത്തേരിയിൽ നിന്ന് പോലീസ് എത്തി ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് വാഹനങ്ങൾ ആറുമണിയോടെ കടത്തിവിട്ടത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.