ഡി.സി.സി പ്രസിഡൻ്റിനെതിരെയുള്ള ആരോപണം അപലപനീയം – കോൺഗ്രസ്
ഡി.സി.സി പ്രസിഡൻ്റിനെതിരെയുള്ള ആരോപണം അപലപനീയം – കോൺഗ്രസ്
പനമരം : വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതവും അപലപനീയവുമാണെന്ന് പനമരം, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മനത്തിൽ പറഞ്ഞു.
രണ്ട് മാസം മുൻപ് നടന്ന ഒരു യോഗത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകക്കെതിരെ ഡി.സി.സി പ്രസിഡന്റ് ബോഡി ഷെയിമിങ് നടത്തിയെന്നത് വ്യാജ പരാതിയാണ്. രണ്ട് മാസം മുൻപ് നടന്നുവെന്ന് പറയുന്ന ആരോപണത്തിൽ ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നതു തന്നെ ചില തൽപ്പരകക്ഷികളുടെ താൽപര്യപ്രകാരമാണ്. ഇതിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വയനാട്ടിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും എൻ.ഡി അപ്പച്ചന് പിന്നിൽ അണിനിരക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നിസ്വാർത്ഥവും , ആത്മാർത്ഥതയോടും , സത്യസന്ധമായും പൊതുപ്രവർത്തനം നടത്തുന്ന അദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനത്ത് വീണ്ടും എത്തിയത് ജില്ലാ കോൺഗ്രസ് പ്രവർത്തകർക്ക് ഉണർവ്വേകുകയാണ്. വയനാടിന്റെ പ്രശ്നങ്ങളിൽ മികച്ച ഇടപെടലുകളും പ്രവർത്തങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുമുണ്ട്. ഇതിൽ വെറളി പൂണ്ട ചിലരാണ് അടിസ്ഥാനരഹിതമായ ആരോപണത്തിന് പിന്നിൽ.
യാതൊരു തെളിവും ഇല്ലാതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വ്യാജ പരാതി ഉന്നയിച്ച് ഡി.സി.സി പ്രസിഡന്റിനെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുന്നവർ പരാതി പിൻവലിച്ച് മാപ്പ് പറയണമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.ജെ ബേബി, ബെന്നി അരിഞ്ചേർമല , ജോസ് നിലമ്പനാട്ട്, വാസു അമ്മാനി എന്നിവർ പങ്കെടുത്തു.