റോഡരികിലെ ബസ് സ്റ്റോപ്പുകൾ പൊളിച്ചു മാറ്റി; യാത്രക്കാർ ദുരിതത്തിൽ
റോഡരികിലെ ബസ് സ്റ്റോപ്പുകൾ പൊളിച്ചു മാറ്റി; യാത്രക്കാർ ദുരിതത്തിൽ
കണിയാമ്പറ്റ : രാഷ്ട്രീയ സംഘടനകൾ റോഡരികിൽ സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ പൊളിച്ചു മാറ്റി. കൽപ്പറ്റ പൊതുമരാമരത്തിന് കീഴിൽ വരുന്ന പച്ചിലക്കാട് മുതൽ കണിയാമ്പറ്റ വരെയുള്ള റോഡരികിലെ അഞ്ച് കാത്തിരിപ്പുകേന്ദ്രങ്ങളാണ് അധികൃതരെത്തി പൊളിപ്പിച്ചു മാറ്റിയത്.
പച്ചിലക്കാട് , മില്ലുമുക്ക് , മേലെ മില്ലുമുക്ക് ടൗണുകളിൽ സിപിഎമ്മും, മുസ്ലിം ലീഗും സ്ഥാപിച്ച രണ്ട് ബസ് സ്റ്റോപ്പുകളും കണിയാമ്പറ്റ ടൗണിൽ ലീഗ് സ്ഥാപിച്ച കൽപ്പറ്റ ഭാഗത്തേക്കുള്ള ഒരു കാത്തിരിപ്പു കേന്ദ്രവുമാണ് പൊളിച്ചു നീക്കിയത്. അതേ സമയം, കണിയാമ്പറ്റയിൽ സി.പി.എം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയില്ല. ശാശ്വതമായ ബദൽ സംവിധാനം കാണാതെ പൊളിക്കില്ലെന്നായിരുന്നു നേതാക്കളുടെ വാദം. യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനം അനുവദിക്കാൻ സാധിക്കില്ലെന്ന് നേതാക്കൾ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു.
യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി വിശ്രമിക്കാനും ബസ് കാത്തിരിക്കാനും ഏറെ ആശ്രയമായിരുന്നു ഈ കാത്തിരിപ്പുകേന്ദ്രങ്ങളെല്ലാം. അതിനാൽ ബദൽ സംവിധാനം കാണാതെ ഇവ പൊളിച്ചുമാറ്റിയ അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അപ്രതീക്ഷിതമായി കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയതോടെ ചെവ്വാഴ്ച ഈ ടൗണുകളിൽ എത്തിയ യാത്രക്കാർ പൊരിവെയിലത്തായി. ബസ്സുകൾ എവിടെ നിർത്തണമെന്ന ആശയക്കുഴപ്പത്തിലുമായി. ഇവിടങ്ങളിലെല്ലാം കാത്തിരിപ്പു കേന്ദ്രങ്ങൾ അവശ്യമാണ്. അതിനാൽ ശാശ്വതമായ ബദൽ സംവിധാനം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ പൊതുവെയുള്ള ആവശ്യം.