അയൽ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള മൃഗങ്ങളുടെ വരവ് തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ വേണം: കെ.എൽ.പൗലോസ്
അയൽ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള മൃഗങ്ങളുടെ വരവ് തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ വേണം: കെ.എൽ.പൗലോസ്
മാനന്തവാടി: വന്യജീവി സങ്കേതങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങളുടെ വരവ് തടയാൻ ശാസ്ത്രീയവും ശാശ്വതവുമായ സംവിധാനങ്ങൾ വേണമെന്ന് കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം കെ.എൽ.പൗലോസ് ആവശ്യപ്പെട്ടു. മാനന്തവാടിയിൽ യു.ഡി.എഫ്. നടത്തുന്ന ആറാം ദിന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ വനങ്ങളിൽ നിന്നും
നാഗർഹോള, ബന്ദിപ്പൂർ വന്യമൃഗസങ്കേതങ്ങളിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിലേക്കും അവിടെ നിന്ന് നാട്ടിൻ പുറങ്ങളിലേക്കും വന്യജീവികൾ എത്തുന്നതാണ് വയനാട്ടിൽ മനുഷ്യ -വന്യജീവി സംഘർഷം ഇപ്പോൾ വർദ്ധിക്കാൻ ഇടയാക്കിയത്. ഇത് തടയാൻ വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങളിൽ ശാസ്ത്രീയമായ നൂതന മാർഗ്ഗങ്ങൾ അവലംബിക്കണമെന്ന് കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
വനാതിർത്തി മേഖലകളിൽ ചില വേർതിരിക്കലുകൾ അത്യാവശ്യമാണ്. വന്യ ജീവി ആക്രമണം രൂക്ഷമായിട്ടും സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ കാര്യക്ഷമമായി ഇടപ്പെടാത്തത് ജനാധിപത്യവിരുദ്ധമാണന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിഷയത്തിൽ ഇടപ്പെട്ടില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ.എൽ. പൗലോസ് പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസാണ് തിങ്കളാഴ്ച സത്യാഗ്രഹ സമരം നടത്തിയത്. അഡ്വ.ഗ്ലാഡിസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ എന്നിവരും പയ്യംമ്പള്ളിയിൽ വന്യമൃഗശല്യം നേരിടുന്ന കർഷകരുടെ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.