പച്ചിലക്കാടും വരദൂറിലും കമ്പളക്കാടും തെരുവുനായയുടെ ആക്രമണം; രണ്ടു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരിക്ക്
പച്ചിലക്കാടും വരദൂറിലും കമ്പളക്കാടും തെരുവുനായയുടെ ആക്രമണം; രണ്ടു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരിക്ക്
പനമരം: പച്ചിലക്കാടും വരദൂറിലും കമ്പളക്കാടും തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പച്ചിലക്കാട് സ്വദേശികളായ ചീനിക്കൽ റഹീമിന്റെ സഹോദരി താഹിറ, ഭാര്യ ഹഫ്സിന, കാട്ടി യൂസഫിന്റെ ഭാര്യ മറിയം, വരദൂർ സ്വദേശികളായ ജെഡി ഭവൻ മീനാക്ഷി (72 ), കാപ്പുംപൊയിൽ മാർക്കോസിന്റെ മകൾ മെറിൻ , കമ്പളക്കാട് കൊയിഞ്ഞങ്ങാട് ഇതര സംസ്ഥാന തൊഴിലാളിയായ നരേഷ് , അദ്ദേഹത്തിന്റെ മകൻ ആഷിക്ക് (2) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവരെല്ലാം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പച്ചിലക്കാട് ടൗണിന് സമീപം തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂവരും പനമരം സി.എച്ച്.സിയിലും പിന്നീട് കൽപ്പറ്റ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. മറിയത്തിനെയാണ് തെരുവുനായ ആദ്യം ആക്രമിക്കുന്നത്. വീടിന് മുറ്റത്ത് ആയിരുന്ന ഇവരെ തെരുവുനായ ആക്രമിച്ച ശേഷം നിലത്തിട്ട് ഉരുട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ തൊട്ടടുത്ത വീട്ടിലെ താഹിറയെയും ഹഫ്സിനയെയും ഇതേ തെരുവുനായ ആക്രമിച്ചു. മൂവർക്കും കൈക്കും കാലിനും പരിക്കേറ്റു.
ഒരു മണിക്കൂറിന് ശേഷമാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള വരദൂറിലെ സ്വകാര്യ സിമന്റ് ഗോഡൗണിന് സമീപത്ത് വെച്ച് വിദ്യാർഥിയായ മെറിനെയും തുടർന്ന് മീനാക്ഷിയെയും തെരുവുനായ ആക്രമിച്ചു. വൈകിട്ടോടെ കമ്പളക്കാട്ടെ കൊയിഞ്ഞങ്ങാടിൽ ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റെ രണ്ടു വയസ്സുകാരനായ മകനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നരേഷിനേയും ഇതേ നായ ആക്രമിച്ചതായി നരേഷ് ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കണിയാമ്പറ്റയിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. അരിഞ്ചേർമലയിലെ 3 പേരെയും വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ആക്രമിച്ചത് ഒരേ നായ തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.