മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണം ; വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണം ; വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
പനമരം: മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്രം ഏജന്റ് ഏച്ചോം സ്വദേശി സതീഷ് കുമാർ, മലങ്കര സ്വദേശി കളരിക്കൽ ജോർജിന്റെ മകൾ ആൻമരിയ , വിളമ്പുകണ്ടം സ്വദേശിനി പുത്തൻപുരയിൽ കമല എന്നിവരെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
മലങ്കരക്കടുത്ത് പത്രം വിതരണം ചെയ്ത് മെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് ബൈക്കിൽ പോവുകയായിരുന്ന സതീഷ് കുമാറിനെ ഓടിയെത്തിയ തെരുവുനായ ആക്രമിച്ചത്. ഇദേഹത്തിന്റെ കാലിനായിരുന്നു കടിയേറ്റത്. പുറകെ എത്തിയ മറ്റൊരു നായയെയും ഇതേ തെരുവുനായ കടിച്ചു. ഇവ പരസ്പരം കടിപിടി കൂടുകയും ഉണ്ടായി. ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
മലങ്കര ക്രിസ്ത്യൻ പള്ളിയിലേക്ക് പോവുകയായിരുന്നു ആൻമരിയ. ഓടിയെത്തിയ നായ ആൻ മരിയയെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ അലർജി ഉണ്ടായതിനാൽ പീച്ചങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും , കൽപ്പറ്റ ജനറൽ ആശുപത്രിയിലും ചികിത്സ തേടിയ ആൻമരിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിളമ്പുകണ്ടത്തെ വീടിന് സമീപത്തെ സ്വന്തം കടയിലേക്ക് പോവുന്നതിനിടെയാണ് കമലയെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ ഇവരുടെ കാലിന് പരിക്കേറ്റു. ഇവർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.