പനമരം ക്ഷീരസംഘം : ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതം – ഭരണസമിതി
പനമരം ക്ഷീരസംഘം : ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതം – ഭരണസമിതി
പനമരം : പനമരം ക്ഷീരോദ്പാദക സഹകരണ സംഘത്തെക്കുറിച്ച് ബി.ജെ.പി നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സംഘം ഭാരവാഹികൾ പനമരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി പനമരം പഞ്ചായത്ത് സെക്രട്ടറി സി.രാജീവൻ സംഘത്തിലേക്ക് വാടകയിനത്തിൽ വൻ തുക അടക്കാനുണ്ട്. ഇത് അടക്കാൻ ആവശ്യപ്പെട്ടതിന്റെ അരിശമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാൻ കാരണം. കൂടാതെ 2016 മുതൽ അധികാരത്തിൽ വന്ന എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ അഴിമതികൾ മറച്ചുവെയ്ക്കാൻ ബി.ജെ.പി. നടത്തുന്ന ശ്രമംകൂടിയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ഭാരവാഹികൾ ആരോപിച്ചു.
2021 ജനുവരിയിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് ഭരണസമിതി നടത്തിയ അന്വേഷണങ്ങളിൽ 787720 രൂപയോളം മുൻ പ്രസിഡണ്ടായിരുന്ന ബേബി തോമസ് സംഘത്തിൽ നിന്നും പണം തിരിമറി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സി.പി.എം നേതാവായ കെ.സി ജബ്ബാറിന് 2021 വരെയുള്ള കെട്ടിട വാടകയിനത്തിൽ 262500 രൂപ കുടിശ്ശികയുണ്ട്. ഇപ്പോൾ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ബി.ജെ.പി നേതാവ് സി.രാജീവൻ ഓഫീസ് കെട്ടിടത്തിന് സമീപത്തുള്ള ചായക്കട നടത്തുന്നതിനായി 2015 മുതൽ സംഘത്തിലേക്ക് വാടകയിനത്തിൽ പ്രതിമാസം 5170 രൂപ പ്രകാരം 2021 ഒക്ടോബർ 31 വരെയുള്ള വാടക ഇതുവരെയും അടച്ചിട്ടില്ല. ചായക്കട കഴിഞ്ഞ മാസം ഒഴിവാക്കി തന്നെങ്കിലും കുടിശ്ശികയുള്ള ഈ വാടക ഈടാക്കുന്നതിനായി വക്കീൽ നോട്ടീസും , സംഘത്തിൽ നിന്നും നോട്ടീസും അയച്ചിട്ടുണ്ട്. അതിനാൽ വാടക അടയ്ക്കാതിരിക്കാൻ വേണ്ടി നടത്തുന്ന ശ്രമമാണ് ബി.ജെ.പിയുടേത്. കഴിഞ്ഞ അഞ്ച് വർഷം സംഘത്തിലെ അഴിമതിയുടെ പേരിൽ ധാരാളം സമര പരിപാടികൾ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. അന്നൊന്നും ബി.ജെ.പി പ്രതികരിച്ചിട്ടില്ല. വാടക ചോദിച്ചതിന്റെയും കടമുറി ഒഴിവാക്കിയതിന്റെയും പേരിൽ പ്രസിഡന്റിനെതിരെയും ഡയറക്ടർ ക്കെതിരെയും വ്യക്തി വൈരാഗ്യം തീർക്കുകയാണ് ബി.ജെ.പിയെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ സംഘം പ്രസിഡന്റ് ഇ.ജെ സെബാസ്റ്റ്യൻ, യു.ഡി.എഫ് കൺവീനർ പി.ജെ. ബേബി, കോൺഗ്രസ് പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല , ജോസ് നിലമ്പനാട്ട് തുടങ്ങിയവർ സംസാരിച്ചു.