ഭാര്യയേയും ഭാര്യാമാതാവിനെയും കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി; മധ്യവയസ്കനെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു
ഭാര്യയേയും ഭാര്യാമാതാവിനെയും കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി; മധ്യവയസ്കന്‍ അറസ്റ്റിൽ
മാനന്തവാടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കന്‍ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40) മാതാവ് പാത്തുമ്മക്കുമാണ് (75) പരിക്കേറ്റത്. പാത്തുമ്മ ഗുരുതര പരിക്കോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ സക്കീനയുടെ ഭര്‍ത്താവ് അബ്ദു റഹ്മാനെതിരെ (54) വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പിവടി കൊണ്ട് ആദ്യം തലക്കടിച്ച ഭര്‍ത്താവ് മാതാവ് തടയാന്‍ ചെന്നപ്പോള്‍ അവരുടേയും തലക്കടിച്ചതായി സക്കീന പറഞ്ഞു. താഴെവീണ അവരെ പലതവണ മര്‍ദിച്ചതായും സക്കീന പരാതിപ്പെട്ടു. തുടര്‍ന്ന് അയല്‍വാസികളെത്തിയാണ് ഇരുവരേയും വയനാട് മെഡിക്കല്‍ കോളജിലെത്തിച്ചത്.
ഗുരുതര പരിക്കേറ്റ സക്കീനയുടെ മാതാവ് പാത്തുമ്മയെ പിന്നീട് വിദഗ്ധ ചികിത്സാര്‍ഥം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാനന്തവാടി സി.ഐ അബ്ദുല്‍ കരീം, എസ്.ഐ ബിജു ആന്‍റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.