വയനാടിന്റെ സമഗ്ര വികസനത്തിനായി ആവിഷ്കരിക്കുന്നത് വൈവിധ്യമാർന്ന പദ്ധതികൾ – മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1 min read*വയനാടിന്റെ സമഗ്ര വികസനത്തിനായി ആവിഷ്കരിക്കുന്നത് വൈവിധ്യമാർന്ന പദ്ധതികൾ – മന്ത്രി പി.എ. മുഹമ്മദ് റിയാസ്*
കൽപ്പറ്റ : ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പൊതുമരാമത്ത് വകുപ്പ് വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പദ്ധതി പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഡി.ഐ.സി.സി യോഗങ്ങൾ വിളിച്ച് ചേർക്കുന്നതിനുള്ള സംവിധാനം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.
വർഷത്തിൽ മൂന്ന് തവണ മന്ത്രിയും, എം.എൽ.എമാരും ഈ യോഗത്തിൽ പങ്കെടുക്കും. മേൽനോട്ടത്തിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾ മികച്ച രീതിയിൽ നടപ്പിലാവുന്നതോടെ ടൂറിസം മേഖലയിലെ വികസനം പ്രാവർത്തികമാവുകയും, ജില്ലയെ അന്തർദേശീയ തലത്തിൽ ഉയർത്താനുള്ള ശ്രമം യാഥാർത്ഥ്യമാവുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പ്രവൃത്തികൾ സമയബന്ധിതവും, സുതാര്യവുമായി നടപ്പിലാക്കുന്നതിനായി ആരംഭിച്ച മിഷൻ റോഡ് പരിപാലനത്തിനാണ് മുൻതൂക്കം നൽകി 273.41 കോടി രൂപയാണ് അറ്റകുറ്റപ്പണികൾക്ക് മാത്രമായി വകയിരുത്തിയിട്ടുള്ളത്. കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകൾക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിൻ്റെ വൈവിധ്യമാർന്ന പദ്ധതികളിലൂടെ ജനങ്ങൾ കാഴ്ചക്കാരല്ലാതെ കാവൽക്കാരായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.
കൽപ്പറ്റ മേപ്പാടി ജംഗ്ഷൻ മുതൽ കൈനാട്ടി ജംഗ്ഷൻ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ 161 ലൈറ്റ് പോളുകളിലാണ് എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. പി.ഡബ്ല്യൂ.ഡി എൻ.എച്ച് വിഭാഗത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 112 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പെരുമ്പാവൂർ കാൻഡല എഞ്ചിനീയറിംഗ് കമ്പനിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, വൈസ് ചെയർപേഴ്സൺ കെ. അജിത, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ടി.ജെ. ഐസക്ക്, ജൈന ജോയി, എ.പി. മുസ്തഫ, ഒ. സരോജിനി, സി.കെ. ശിവരാമൻ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, നഗരസഭ ശുചിത്വ അംബാസിഡർ അബുസലീം, പൊതുമരാമത്ത് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. എസ്. അജയൻ, നോർത്ത് സർക്കിൾ എൻ.എച്ച് സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപ് ലാൽ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.