ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു; പള്ളിക്കുന്നിൽ നാട്ടുകാർ ഏകദിന ഉപവാസ സമരം നടത്തി പ്രതിഷേധിച്ചു
ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു; പള്ളിക്കുന്നിൽ നാട്ടുകാർ ഏകദിന ഉപവാസ സമരം നടത്തി പ്രതിഷേധിച്ചു
കമ്പളക്കാട്: ഒട്ടേറെ പേർക്ക് ആശ്രയമായ പള്ളിക്കുന്നിലെ ഏക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിൽ പ്രതിഷേധിച്ച് പള്ളിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. പള്ളിക്കുന്ന് ടൗണിൽ രാവിലെ 10 മുതൽ 5 മണി വരെ പത്ത് പേരാണ് ഉപവസിച്ച് പ്രതിഷേധം അറിയിച്ചത്. അഞ്ച് സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും , പ്രശസ്തമായ ലൂർദ്ദ് മാതാ ദേവാലയത്തിലേക്കെത്തുന്ന തീർത്ഥാടകർക്കും ഏക ആശ്രയമായ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
17 വർഷം മുൻപ് നാട്ടുകാർ പിരിവെടുത്ത് പൊതുമരാമത്തിന്റെ അനുമതിയോടെ പള്ളിക്കുന്നിൽ ഒരുക്കിയ ബസ്സ് കാത്തിരിപ്പു കേന്ദ്രമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച പൊതുമരാമത്ത് അധികൃതർ പൊളിച്ചു മാറ്റിയത്. പാതയോരം കയ്യേറിയുള്ള നിർമാണമാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയെ തുടർന്നായിരുന്നു ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയത്.
വെണ്ണിയോട്, പടിഞ്ഞാറത്തറ, വിളമ്പുകണ്ടം, പനമരം, മാനന്തവാടി, അഞ്ചുകുന്ന്, കമ്പളക്കാട് ടൗണുകളിലേക്ക് പോകുന്ന റോഡുകൾ ചേരുന്ന കവലയാണ് പള്ളിക്കുന്ന്. കോട്ടത്തറ, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന സ്ഥലമാണ് പള്ളിക്കുന്ന്. അതിനാൽ നൂറു കണക്കിന് പേർ ബസ് കാത്തു നിന്നിരുന്നത് ഇവിടെയായിരുന്നു. ഒരു നോട്ടീസ് പോലും നൽകാതെ പൊതുമരാമത്ത് അധികൃതർ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റിയതോടെ വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലുംകൊണ്ട് വഴിയോരത്താണ് ബസ് കാത്തിരിക്കുന്നത്. ഇതോടെ നാട്ടുകാർ പൗരസമിതി രൂപീകരിച്ച് സമരത്തിനിറങ്ങുകയായിരുന്നു.
ഉപവാസ സമരം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് പൗരസമിതി പ്രസിഡന്റ് ജോസഫ് വളവനാൽ അധ്യക്ഷത വഹിച്ചു. ലൂർദ്ദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കെ.ബേബി മുഖ്യ പ്രഭാഷണം നടത്തി. പി.ജെ ദേവസ്യ, പനമരം പൗരസമിതി ജോ.സെക്രട്ടറി കാദറു കുട്ടി കാര്യാട്ട്, ബേബി ഇല്ലിക്കാമുറി, ഷിജു മരുതാനിക്കൽ , വി.ടി വർഗീസ് എന്നിവർ സംസാരിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് സമരക്കാർക്ക് നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ബസ് കാത്തിരുപ്പു കേന്ദ്രം പുനസ്ഥാപിക്കുന്നത് വരെ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.