September 9, 2024

വേറിട്ട അനുഭവമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍

1 min read
Share

*വേറിട്ട അനുഭവമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ *

നൂൽപ്പുഴ: ആദ്യം ഒരമ്പരപ്പായിരുന്നു നിവേദിന്റെ മുഖത്ത്‌. അമ്മയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്‌ നഴ്‌സുമായ ദിവ്യ കൂടെനിന്ന്‌ ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ സമ്മര്‍ദ്ദം ഒന്നയഞ്ഞു. സദസ്യരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പകച്ചുനിന്ന കുഞ്ഞുമുഖത്ത്‌ പുഞ്ചിരി വിടരുന്നത്‌ കാണാമായിരുന്നു. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച” സർഗ്ഗം” അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇടമായിരുന്നു വേദി.

തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്‌, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമായ സെറിബ്രല്‍ പാള്‍സി രോഗമാണ്‌ നിവേദിന്‌. ‘ഭിന്നശേഷി’ എന്ന പ്രയോഗത്തെ അര്‍ഥപൂര്‍ണമാക്കുന്ന പ്രകടമായിരുന്നു ഈ ആറാം ക്ലാസുകാരന്റേത്‌. കുഞ്ഞിന്‌ പ്രത്യേകം കഴിവുകള്‍ ഉണ്ടെന്ന്‌ കണ്ടെത്തി, അവനെ സംഗീത വഴിയിലൂടെ നടത്തിച്ചത്‌ അമ്മ ദിവ്യയാണ്‌. പനമരത്ത്‌ ‘റിഥം ഓഫ്‌ വയനാട്‌’ ഇന്‍സ്‌ട്രമെന്റല്‍ മ്യൂസിക്‌ സ്‌കൂള്‍ നടത്തുന്ന പിതാവ്‌ സുധീറിന്റെ പാത പിന്തുടര്‍ന്ന്‌ മനോഹരമായി ‘ജാസ്‌ ഡ്രം’ വായിച്ചും നിവേദ്‌ സദസ്സിന്റെ മനം കവര്‍ന്നു. എന്തുകൊണ്ടും വേറിട്ടുനിന്ന ഭിന്നശേഷി ദിനാചരണമാണ്‌ നടന്നത്‌.

വെല്ലുവിളികളെ അതിജീവിച്ചു വിജയപഥത്തിലേറിയവരുടെ ദിനമായിരുന്നു നൂല്‍പുഴയില്‍. ‘എട്ടുവര്‍ഷം മുമ്പ്‌ കെട്ടിടത്തിനു മുകളില്‍ നിന്നും വീണതാണ്‌. സ്‌പൈനല്‍ കോഡിന്‌ തകരാറാര്‍ സംഭവിച്ചു 16 ദിവസം അബോധാവസ്ഥയില്‍ കിടന്നു. 20 വര്‍ഷം പട്ടാളത്തിലായിരുന്നു. അതിന്റെ നിശ്ചയ ദാര്‍ഢ്യം എനിക്കുണ്ട്‌. തളരില്ല എന്നു തീര്‍ച്ചപ്പെടുത്തി മുന്നോട്ടു തന്നെ. അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഇന്നെനിക്ക്‌ കാറും ബൈക്കും ഓടിക്കാം’ നിശ്ചയദാര്‍ഢ്യത്തോടെ കൃഷ്‌ണഗിരി തോട്ടാപ്പള്ളിയില്‍ റോയി പറഞ്ഞത്‌ സദസ്സ്‌ ഹര്‍ഷാരവത്തോടെയാണ്‌ സ്വാഗതം ചെയ്‌തത്‌.

ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 40ഓളം ഭിന്നശേഷിക്കാര്‍ പരസ്‌പരം സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും പരിപാടിയുടെ ഭാഗമായി. ഔപചാരിക ഉദ്‌ഘാടന ചടങ്ങുകള്‍ ഒന്നുമില്ലാതെ, നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ വീല്‍ചെയറിലായ വെങ്ങപ്പള്ളി സ്വദേശി മോഹനന്‍ വിളക്ക്‌ തെളിയിച്ചതോടെയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കമായത്‌.

സുല്‍ത്താന്‍ബത്തേരി വിനായക നഴ്‌സിംഗ്‌ കോളജ്‌ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ മിഴിവേകി. നാടന്‍ പാട്ടും സിനിമാറ്റിക്‌ ഡാന്‍സും ക്ലാസിക്കല്‍ നൃത്തവുമൊക്കെയായി പെണ്‍കുട്ടികള്‍ വേദി നിറഞ്ഞു. ഇവരുടെ ഊര്‍ജം കാഴ്‌ചക്കാരിലും ആവേശം നിറക്കുന്നതായിരുന്നു. പാട്ടും ഡാന്‍സുമായി പരിപാടികള്‍ മുന്നേറുന്നതിനിടെ ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാര്‍ തുടങ്ങിയവരെത്തി ഭിന്നശേഷിക്കാരുമായി സംവദിച്ചു. നട്ടെല്ലിനു ക്ഷതമേറ്റും അല്ലാതെയും വീല്‍ചെയറില്‍ ജീവിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘റെയിന്‍ബോ ബീറ്റ്‌സ്‌’ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച്‌ തിരൂര്‍ ജില്ലാ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്റ്‌ റിഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. ജാവേദ്‌ അനീസ്‌ ക്ലാസെടുത്തു. ആത്മവിശ്വാസം കൈമുതലാക്കി മുന്നേറുന്ന ഭിന്നശേഷിക്കാര്‍ക്ക്‌ സമ്മാനവും നല്‍കിയാണ്‌ ദിനാചരണ പരിപാടികള്‍ അവസാനിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍ ഉസ്‌മാന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പുഷ്‌പ അനൂപ്‌, എം.എ അസൈനാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ചീരാല്‍ കുടുംബാരോഗ്യം മെഡിക്കല്‍ ഓഫിസര്‍ ഡോ.കൃഷ്‌ണപ്രിയ, നൂൽപ്പുഴ എഫ്. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്‌,ആശുപത്രി ജീവനക്കാര്‍, ആരോഗ്യകേരളം ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.