ഒമിക്രോണ്‍: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം
ഒമിക്രോണ്‍: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം
കൽപ്പറ്റ : ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവെ, സിങ്കപ്പൂര്‍, ഹോങ്കോംഗ്, ഇസ്രായേല്‍, യൂറോപ്പ് (യു.കെ ഉള്‍പ്പെടെ) എന്നീ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഇവര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതും അടുത്ത ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ഫലം പോസിറ്റീവ് ആവുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് ജീനോം ടെസ്റ്റിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഹൈറിസ്‌കില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഭേദഗതി വരുത്തിയാണ് ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.