കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; നടുക്കം മാറാതെ കമ്പളക്കാട് വണ്ടിയാമ്പറ്റ നിവാസികൾ
1 min readകാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; നടുക്കം മാറാതെ കമ്പളക്കാട് വണ്ടിയാമ്പറ്റ നിവാസികൾ
കമ്പളക്കാട്: വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കാന്‍ പോയ നാലംഗസംഘത്തിലെ ഒരാൾ വെടിയേറ്റ് മരിക്കുകയും ബന്ധുവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടുക്കം മാറാതെ കമ്പളക്കാട് വണ്ടിയാമ്പറ്റ നിവാസികൾ. വയലിലെ കൊയ്യാറായ നെല്ല് കാട്ടുപന്നിയിൽ നിന്നും സംരക്ഷിക്കാൻ പോയ സംഘത്തിന് നേരെ എങ്ങനെ വെടിവെപ്പുണ്ടായി എന്നത് സംബന്ധിച്ച് ദുരൂഹതകളും ഏറുകയാണ്.
തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു വണ്ടിയാമ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ന്റെ മരണത്തിനും ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27)ന് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ സംഭവം നടന്നത്. ഇവരെ കൂടാതെ കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. പരിക്കേറ്റ ശരുണിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ പന്നിയിറങ്ങുന്നത് തടയാനാണ് നാലംഗസംഘം തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവസ്ഥലത്ത് എത്തിയതെന്ന് പറയുന്നു.
പന്നികളെ ഓടിക്കാന്‍ ഇവര്‍ അമ്പും വില്ലും കരുതിയിരുന്നുവെന്നും വിവരമുണ്ട്. തുടര്‍ന്ന് പത്തരയോടെ വെടിയൊച്ച കേട്ടതിനോടൊപ്പം കൂട്ടത്തിലെ ജയന്‍ നിലത്തുവീഴുന്നതും കണ്ടുവെന്നാണ് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മറ്റാരെങ്കിലും വെടിവെച്ചതാണോ അതോ ജയന്റെയും സംഘത്തിന്റെയും കൈവശം തോക്കുണ്ടായിരുന്നോ എന്ന കാര്യങ്ങളിലൊന്നും ഇതുവരെ പോലീസിന് വ്യക്തത വരുത്താനായിട്ടില്ല.
അതേ സമയം വണ്ടിയാമ്പറ്റ പ്രദേശത്ത് സ്ഥിരമായി തോക്കുപയോഗിക്കുന്നവര്‍ ആരുമില്ലെന്ന വിവരമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നത്. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തോക്ക് കണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ജയനെയും ശരുണിനെയും ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എത്തിച്ചത്. ഇവിടെ വെച്ചു തന്നെ ജയന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ ശരുണിനെ കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ദുരന്തവാര്‍ത്ത കേട്ടാണ് കമ്പളക്കാട് വണ്ടിയാമ്പറ്റ പ്രദേശവാസികള്‍ ഉണര്‍ന്നത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയ നാലംഗസംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റെന്നും ഒരാള്‍ മരണത്തിന് കീഴടങ്ങിയെന്നുമുള്ള വാര്‍ത്ത ഇപ്പോഴും പ്രദേശവാസികളില്‍ പലര്‍ക്കും വിശ്വാസിക്കാനായിട്ടില്ലⁿᵉʷˢᵗᵒᵈᵃʸʷᵃʸᵃⁿᵃᵈ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ജയന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രിയയാണ് ജയന്റെ ഭാര്യ. നിയ (11), ദിയ (5) എന്നിവര്‍ മക്കളാണ്.