ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം – കർഷക മോർച്ച
ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം – കർഷക മോർച്ച
പനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം 75 ഹെക്ടറോളം വരുന്ന പാടശേഖരത്തിലെ വിളവെടുക്കാറായ നെല്ലാണ് ഈ അപൂർവ്വരോഗം മൂലം പൂർണ്ണമായും നശിച്ചു പോയത്.
സർക്കാർ സംവിധാനത്തിലെ കെടുകാര്യസ്ഥത മൂലമാണ് ഈ നഷ്ടം സംഭവിച്ചത്. കഷ്ടതയനുഭവിക്കുന്ന എഴുപത്തഞ്ചോളം വരുന്ന കർഷകരുടെ പൂർണ്ണമായ നഷ്ടം നികത്താൻ കൃഷി വകുപ്പും സർക്കാരും തയ്യാറാവണം, മണ്ണൂത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും കിലോയ്ക്ക് 42 രൂപ വില നൽകി വാങ്ങി കൊണ്ടുവന്ന 4600 കിന്റൽ നെൽവിത്തിന് മാത്രമാണ് രോഗംബാധിച്ചത്. ഹെക്ടറിന് 7200 കിലോ നെല്ല് ലഭിക്കുമെന്ന് കാർഷിക സർവ്വകലാശാല അധികൃതർ പറഞ്ഞതായി കർഷകർ പറയുന്നു. അതു പൂർണ്ണമായും നാശത്തിനു വിധേയമായി കഴിഞ്ഞു.
എന്നാൽ ഇതിനോട് ചേർന്ന് ഇതര വിത്തുകളുപയോഗിച്ച് കൃഷിയിറക്കിയിട്ടുളളിടത്ത് ഒരു വിധത്തിലുളള കേടുകളും ബാധിച്ചിട്ടില്ല. ഈ വിത്ത് ഉപയോഗിച്ച മറ്റു ചില പാടങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. വിത്തിന്റെ ഗുണനിലവാരവും അനുബന്ധ കാര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെടുന്നതിനു മുമ്പ് വിപണിയിലെത്തിച്ചതായി സംശയിക്കേണ്ടതുണ്ട്.
കാർഷിക ഗവേഷണകേന്ദ്രം നിരവധി കർഷകരെ പരീക്ഷണ ഉപാധിയാക്കിയതിന്റെ നടപടികളും വിശ്വാസ്യതയും അന്വേഷണവിധേയമാക്കണം. കടം കൊണ്ട് പൊറുതി മുട്ടി സർവ്വവും നശിച്ച കർഷകരുടെ നഷ്ടം പൂർണ്ണമായും നല്കാൻ സർക്കാർ തയ്യാറാവണമെന്നും മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിന്റെതടക്കം ഗവേഷണ കേന്ദ്രത്തങ്ങളുടെ പ്രവർത്തനങ്ങളെയും കെടുകാര്യസ്ഥതയെയും കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും കർഷക മോർച്ച വയനാട് ജില്ല പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, ബി.ജെ.പി ജില്ല ഉപാദ്ധ്യക്ഷൻ കെ.ശ്രീനിവാസൻ, ജന: സെക്രട്ടറി ജി.കെ മാധവൻ, ജയരാജൻ കുപ്പാടി, ഉണ്ണികൃഷ്ണൻ ചീക്കല്ലൂർ എന്നിവർ കൃഷിയിടം സന്ദർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു.