പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ; നൂല്‍പുഴയിൽ 500 ഓളം വിദ്യാര്‍ഥികൾക്ക് സ്കൂളിൽ പോവാൻ കഴിയുന്നില്ലെന്ന് ആക്ഷേപം
പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ; നൂല്‍പുഴയിൽ 500 ഓളം വിദ്യാര്‍ഥികൾക്ക് സ്കൂളിൽ പോവാൻ കഴിയുന്നില്ലെന്ന് ആക്ഷേപം
ബത്തേരി: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ നൂല്‍പുഴയിലെ ആദിവാസി കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാവുന്നില്ലെന്ന് ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വിവിധ കോളനികളിലെ 500 ഓളം വിദ്യാര്‍ഥികളാണ് പഞ്ചായത്ത് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതും കാത്തിരിക്കുന്നത്. സംഭവത്തില്‍ 16ന് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പൊന്‍കുഴി, ചെട്ട്യാലത്തൂര്‍, യൂക്കാലിക്കുനി, മൈക്കര, കോളൂര്‍, കടമ്ബക്കാട്, ചുണ്ടപ്പാടി, മണിമുണ്ട, പിലാക്കാവ്, തോട്ടാമൂല, കാരപ്പൂതാടി, ഓടക്കൊല്ലി, പാമ്ബുംകൊല്ലി കോളനികളില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടത്. പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളില്‍പ്പെട്ടവരാണ് കൂടുതലും. ഗോത്രസാരഥി പദ്ധതിയില്‍ മുന്‍വര്‍ഷങ്ങളില്‍ പഞ്ചായത്ത് വാഹന സൗകര്യം ഒരുക്കിയിരുന്നു.
ഒരുമാസം പഞ്ചായത്തിന് മൂന്നുലക്ഷം രൂപയോളം ഇക്കാര്യത്തില്‍ ചെലവുവരും.
ജില്ലയില്‍ 3750 കുടുംബങ്ങളുള്ള നൂല്‍പുഴ പഞ്ചായത്ത് ആദിവാസി ജനസംഖ്യയില്‍ ജില്ലയില്‍ രണ്ടാമതാണ്. എന്നിട്ടും പഞ്ചായത്ത് ഭരണസമിതി ആദിവാസികളെ ഗൗനിക്കുന്നില്ലെന്നും എ.കെ.എസ് നേതാക്കള്‍ ആരോപിച്ചു. കെ.എം. സിന്ധു, സി. അനില്‍, എ.സി. ശശീന്ദ്രന്‍, കനകരാജ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.