പനമരം ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക്; നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചു
പനമരം ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക്; നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചു
പനമരം: പനമരം ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. പനമരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. വിസ്താരം കുറഞ്ഞ പനമരത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ റോഡരികിൽ അനധികൃതമായി ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. തന്മൂലം അടിയന്തിര ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾ കുടുങ്ങുന്നതും പതിവാണ്. കൂടാതെ പനമരം ഗവ.ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നിവിടങ്ങളിലേക്ക് എത്തുന്ന 2000 ത്തോളം വരുന്ന വിദ്യാർഥികൾക്കും ദുരിതമാവാറുണ്ട്. തലയ്ക്കൽ ചന്തു മ്യൂസിയം, ഗവ. ഐ.ടി.ഐ, പൊതുമരാമത്ത് ഓഫീസ് എന്നിവയും ഈ റോഡിലാണ്. അതിനാൽ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. ഇതോടെ ഗതാഗതക്കുരുക്ക് പതിവാണ്. ഇതോടെയാണ് നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചത്. പനമരം ജനമൈത്രി അംഗമായ കാദാറുകുട്ടി കാര്യാട്ടിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യാഗസ്ഥരായ പി.സിദ്ധിഖ്, എം.എസ് പ്രസീദ എന്നിവർ ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്.