ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും സൗന്ദര്യവത്ക്കരിക്കാൻ പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്
1 min read*ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും സൗന്ദര്യവത്ക്കരിക്കാൻ പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്*
പൊഴുതന: വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുമായി ‘മണിമുറ്റം’ എന്ന പേരില്‍ തനത് പദ്ധതിയുമായി വയനാട് ജില്ലാ ടൂറിസം വകുപ്പ്. സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും മറ്റും സൗന്ദര്യവത്ക്കരിക്കുകയും വൃത്തിയും വെടിപ്പും സൂക്ഷിക്കുന്നതിനോടൊപ്പം പച്ചപ്പുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മണിമുറ്റം’ പദ്ധതിയുടെ ഉദ്ഘാടന പ്രഖ്യാപനം ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക നിര്‍വ്വഹിച്ചു. പൊഴുതന പ്രണവം റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി- ഹാറ്റ്‌സ് വയനാട് പ്രസിഡന്റ് അജയ് ഉമ്മന്‍ അധ്യക്ഷനായി.
പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി, വൈസ് പ്രസിഡന്റ് കെ.വി ബാബു, സ്ഥിരംസമിതി അധ്യക്ഷ ഷാഹിന ഷംസുദ്ദീന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി വി. മുഹമ്മദ് സലീം, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ മാനുവല്‍, ഹാറ്റ്‌സ് വയനാട് സെക്രട്ടറി വിനോദ് രവീന്ദ്രന്‍, ട്രഷറര്‍ കെ.വി. ബ്രിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ആദ്യത്തെ അക്രഡിറ്റഡ് ഹോംസ്‌റ്റേ ഉടമയായ കെ. രവീന്ദ്രനെ (പ്രണവം) ചടങ്ങില്‍ ആദരിച്ചു.