വാഹനം പൊളിക്കല്‍ നയം: തൊഴിലാളികളുടെ കൂട്ട ആത്മഹത്യക്ക് കളമൊരുക്കും എച്ച്.എം.എസ്
വാഹനം പൊളിക്കല്‍ നയം: തൊഴിലാളികളുടെ കൂട്ട ആത്മഹത്യക്ക് കളമൊരുക്കും എച്ച്.എം.എസ്
കൽപ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവി ഉത്തരവിനെതിരെ പ്രതിഷേധവുമായി എച്ച്.എം.എസ് രംഗത്ത്. വാഹന ഗതാഗത വ്യവസായത്തേയും ലക്ഷക്കണക്കിന് തൊഴിലാളികളെയും വന്‍ കടക്കെണിയിലാക്കുന്ന നയമാണിതെന്ന് എച്ച്.എം.എസ് തൊഴിലാളി സംഘടന ആരോപിച്ചു.
കോവിഡ് കാലത്ത് മോട്ടോര്‍ വാഹന മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്. എഴുപത് ശതമാനം വാഹനങ്ങളുടെയും ഉടമയും തൊഴിലാളിയും ഒരാള്‍ തന്നെയാണ്. സ്വയം തൊഴില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്ന് ലോണെടുത്തും മറ്റുമാണ് വാഹനം വാങ്ങിയിട്ടുള്ളത്. തൊഴില്‍ പ്രതിസന്ധി മൂലം പതിനഞ്ച് വര്‍ഷം കൊണ്ട് ലോണ്‍ അടച്ച് തീര്‍ക്കാന്‍ പലപ്പോഴും കഴിയാറില്ല.
ബസ്, ലോറി, കാര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ പട്ടികയില്‍ ആദ്യഘട്ടത്തില്‍ വന്നിട്ടുണ്ട്. ഒരു വാഹനത്തില്‍ മൂന്ന് തൊഴിലാളികള്‍ എന്ന കണക്ക് എടുത്താല്‍ പോലും മൂന്ന് ലക്ഷത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുക മാത്രമല്ല ബാങ്കില്‍ ലക്ഷങ്ങള്‍ കടത്തിലാക്കുകയും ചെയ്യും.
ഇത് തൊഴിലാളി – തൊഴിലുടമകളെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കും. ഒരു പുതിയ ബസ്സ് നിരത്തിലിറക്കാന്‍ 42 ലക്ഷം രൂപ വേണം. പൊളിച്ച് വിറ്റാല്‍ പരമാവധി സ്‌ക്രാപ്പ് വില അമ്പതിനായിരം രൂപ മാത്രമേ ലഭിക്കൂ. 2 വര്‍ഷമായി കോവിഡ് 19 കാരണം സര്‍വ്വീസ് നടത്തുന്നില്ല.
ബേങ്ക് വായപകള്‍ പോലും തിരിച്ചടക്കാന്‍ കഴിയാതെ സ്തംഭനാവസ്ഥയിലാണ്. മാത്രമല്ല ആയിരക്കണക്കിന് ഡ്രൈവിംഗ് സ്ക്കൂൾ നടത്തിപ്പിലൂടെ ഉപജീവനം നടത്തുന്നവരും പെരുവഴിയിലാകും. കൊറോണ കാലത്ത് കേന്ദ്ര ഗവണ്‍മെന്റെടുത്ത ഇത്തരം തീരുമാനങ്ങളിലേക്ക് പോകാതെ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് കേരള സ്‌റ്റേറ്റ് മോട്ടോര്‍ & എഞ്ചിനീയറിംഗ് ലേബര്‍ സെന്റര്‍ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡണ്ട് മനോജ് ഗോപിയും ആവശ്യപ്പെട്ടു.