വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം ; വ്യാപാരിക്ക് നേരെ കൈവാൾ വീശി, രക്ഷപ്പെട്ടത് തലനാരിഴക്ക്
കോട്ടത്തറ: വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം. വെണ്ണിയോട് ടൗണിൽ വാഴക്കുല കച്ചവടം ചെയ്യുന്ന കടയുടമയുടെ പണമാണ് ആറംഗ സംഘം അപഹരിക്കാൻ ശ്രമിച്ചത്. പണവുമായി ബൈക്കിൽ പോയ ഇയാൾക്ക് നേരെ ഒരാൾ കൈവാൾ വീശി, തലനാരിഴക്കാണ് കച്ചവടക്കാരൻ രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കടയുമ വെണ്ണിയോട്ടെ കടയിലെത്തി മേശയിലുള്ള പണമെടുത്ത് കുറുമ്പാലകോട്ടയിലെ ഒരു കസ്റ്റമർക്ക് എത്തിച്ചു കൊടുക്കുന്നതിനായി പോവും വഴിയാണ് ആറു പേരടങ്ങുന്ന സംഘം
ഇയാളുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
കടയുടമ മേശയിൽ നിന്നും പണം എടുക്കുന്നത് ഒരു യുവാവ് കുറച്ചകലെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന്
ബൈക്കിൽ പണവുമായി കച്ചവടക്കാരൻ കുറുമ്പാലക്കോട്ടയിലേക്ക് പുറപ്പെട്ടപ്പോൾ മൂന്ന് ഇരുചക്ര വാഹനങ്ങളിലായി ആറു പേർ
ഇയാളെ പിന്തുടരുകയായിരുന്നു.
ഒരാൾ റോഡരികിൽ നിന്ന് ഇയാൾക്ക് നേരേ കൈകാട്ടി ബൈക്ക് നിറുത്താൻ ആംഗ്യം കാട്ടി. അപകടം തോന്നിയ കച്ചവടക്കാരൻ അതിവേഗം ബൈക്കെടുത്തു. റോഡിലുണ്ടായ കക്ഷി ഇയാളുടെ കഴുത്തിന് നേരേ നീളമുള്ള കൈ വാൾ വീശിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
പരിഭ്രാന്തനായി ലക്ഷ്യസ്ഥലത്തെത്തിയ കച്ചവടക്കാരൻ പ്രദേശത്തെ അറിയാവുന്നവരുടെ ഫോണിലെല്ലാം വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാവരും റോഡിലിറങ്ങി തിരഞ്ഞ് നോക്കിയെങ്കിലും ആരെയും കണ്ടില്ല. വ്യാപാരി വ്യവസായി വെണ്ണിയോട് യൂണിറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കമ്പളക്കാട് പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് ഇദ്ദേഹമിപ്പോൾ.