November 8, 2024

പുനർനിർമാണം തുടങ്ങിയില്ല; പാൽച്ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു

Share

പുനർനിർമാണം തുടങ്ങിയില്ല; പാൽച്ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു

തലപ്പുഴ: തകർന്ന പാൽച്ചുരം റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. പാൽച്ചുരം റോഡ് തകർന്ന് മൂന്നു വർഷമായിട്ടും പുനർനിർമിക്കാത്തതിനാലാണ് വാഹനങ്ങൾ കുടുങ്ങുന്നത്. പാൽച്ചുരത്തിൻ്റെ അരികുകൾ ഇടിഞ്ഞു തകർന്നതിനാൽ ഇടുങ്ങിയ റോഡിലൂടെ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ നിലവിൽ കടന്നു പോകുന്നത്. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടലും, പാറയടിച്ചിലും കാരണം തകർന്നു തരിപ്പണമായിരിക്കുകയാണ് പാൽച്ചുരം റോഡ്. ഇതുവരെയായിട്ടും തകർന്ന പാൽച്ചുരം റോഡ് പുനർനിർമിക്കാൻ നടപടിയായില്ല.

ഈ റോഡിൻ്റെ പുനർനിർമാണത്തിനായി പത്തു കോടി രൂപയുടെ എസ്റ്റിമേറ്റ് അധികൃതർ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പാൽച്ചുരം റോഡ് ഉടൻ പുനർനിർമിക്കുമെന്ന് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. മലയോര ഹൈവേ, മാനന്തവാടി – കണ്ണൂർ വിമാനത്താവള റോഡ് നിർമാണം എന്നിവയുടെ ഭാഗമായി പാൽച്ചുരം റോഡ് നവീകരിക്കാൻ ശുപാർശ ഉണ്ട്.

എന്നാൽ പ്രളയം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപണികൾ പോലും പാൽച്ചുരത്തിൽ നടത്തിയിട്ടില്ല. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ നിത്യേന ഒട്ടേറെ വാഹനങ്ങളാണ് പാൽച്ചുരം വഴി ഓടുന്നത്. പഠനത്തിനും ജോലിയ്ക്കുമായി കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കും തിരിച്ചും പോകുന്നവർക്ക് ആശ്രയമാണ് പാൽച്ചുരം റോഡ്.

കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം കേരള – കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞ സ്ഥലങ്ങളിൽ മുളകൊണ്ടുള്ള സുരക്ഷ വേലി മാത്രമാണ് ഇപ്പോഴത്തെ സുരക്ഷ. ചരക്ക് ലോറികൾ കുടുങ്ങുന്നതും അപടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞ ചൊവാഴ്ചയും പാൽച്ചുരത്തിലെ ആശ്രമം കവലയ്ക്ക് സമീപം ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു.

ഒരാഴ്ച മുമ്പ് ഇവിടെ തന്നെ കൺടെയ്നർ ലോറിയും അപകടത്തിൽപ്പെട്ടിരുന്നു. റോഡിനു വീതി കുറവുള്ളതും നിർദേശങ്ങൾ പാലിക്കാതെ വാഹനങ്ങൾ പാൽച്ചുരത്തിലൂടെ ഓടുന്നതും കാരണമാണ് അപകടങ്ങൾ
നടക്കുന്നത്. പേരാവൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് കഴിഞ്ഞ രണ്ടു വർഷവും ചുരത്തിൽ മുളകൊണ്ടുള്ള സുരക്ഷാവേലി നിർമിച്ചത്. പാൽച്ചുരം റോഡ് നവീകരണം ഉടൻ തുടങ്ങണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.