സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം
1 min readസംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം
കൽപ്പറ്റ: സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ക്രമാതീതമായി വർധിക്കുന്നത് തടയണമെന്ന് മലയാള ഐക്യവേദിയുടെയും, വിദ്യാർഥി മലയാള വേദിയുടെയും സംയുക്ത പ്രവർത്തക കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു.
പ്രാഥമിക വിദ്യാലയങ്ങളിൽ രണ്ട് മലയാളം ഡിവിഷനുകൾ നിലവിലുണ്ടെങ്കിൽ , മൂന്നാമതായി ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനാവാമെന്ന നിർദേശത്തെ മറികടന്ന് ഒരു ഡിവിഷൻ മാത്രമുള്ള ഇടങ്ങളിൽ പോലും അത് ഇംഗ്ലീഷ് മീഡിയമാക്കി മാറ്റിക്കൊണ്ടിരിക്കയാണ്.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 53 ശതമാനം ഇംഗ്ലീഷ് മീഡിയത്തിൽ നിന്നുള്ളവരായിരുന്നു. പിന്നാക്ക ദുർബല വിഭാഗങ്ങളുടെയും, ഗോത്രജനതയുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിനും, മാതൃഭാഷയിലധിഷ്ഠിതമായ വികസന സങ്കൽപത്തിനും ഇത് വിഘാതം സൃഷ്ടിക്കുമെന്നും, സാമൂഹിക അസന്തുലിതത്വം വർധിപ്പിക്കുമെന്നും യോഗം വിലയിരുത്തി.
പ്രാഥമിക തലം മുതൽ ഇംഗ്ലീഷ് ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിനു പകരം , ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തണം.
മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥി മലയാളവേദി സംസ്ഥാന പ്രസിഡണ്ട് എസ്.രൂപിമ, ഡോ.ബാവ കെ.പാലുകുന്ന്, പി.കെ മുഹമ്മദ് ബഷീർ , ഡോ.എം.പി. വാസു, അമല എം.ദേവ്, എ.അഫ്സൽ ഷാഹിദ്, അഞ്ജലി പ്രിയ ദാസ്, കെ. അഹ്സന, ബേബി പീറ്റർ സി.വി.ഉഷ, എം.ദേവകുമാർ , ലയ ബേബി എന്നിവർ സംസാരിച്ചു.