വയനാടിന് സമഗ്ര വിദ്യാഭ്യാസ പാക്കേജ് വേണം – വയനാട് എഡ്യൂക്കേഷൻ മൂവ്മെൻ്റ്
കൽപ്പറ്റ: രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളുടെ ഗണത്തിലുൾപ്പെടുന്ന വയനാടിൻ്റെ പുരോഗതിക്കായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പാക്കേജ് ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് വയനാട് എഡ്യൂക്കേഷൻ മൂവ്മെൻ്റ് സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു.
ജില്ല രൂപം കൊണ്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും, മതിയായ തോതിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആർട്സ് ആൻ്റ് സയൻസ് കോളേജുകളോ ഇല്ലാത്തതിനാൽ ഗോത്രമേഖലയിലേതടക്കമുള്ള മിടുക്കരായ വിദ്യാർഥികൾ പുറന്തള്ളപ്പെടുന്നതായി വെബിനാർ ചൂണ്ടിക്കാണിച്ചു.
ചെയർമാൻ മംഗലശ്ശേരി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുട്ടിൽ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.എ ജലീൽ വിഷയമവതരിപ്പിച്ചു. എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. നൂതനമായ ആശയങ്ങളും, പ്രവർത്തന സന്നദ്ധതയുമുണ്ടെങ്കിൽ, രാജ്യത്തെ ഉൾനാടൻ ഗ്രാമങ്ങളിലുള്ള യുവതീയുവാക്കൾക്കുപോലും കഴിവു തെളിയിക്കാൻ ഇപ്പോൾ അവസരങ്ങളുണ്ട്. അതിന് അവരെ പ്രാപ്തരാക്കാൻ പോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ ഉയർന്നു വരണമെന്ന് അദ്ദേഹം നിർദേശിച്ചു.
വയനാടിനു വെളിയിലുള്ള വിദ്യാർഥികൾക്ക് സമീപ ജില്ലകളിലെ സ്ഥാപനങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ കഴിയുമ്പോൾ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഇവിടെയുള്ളവർക്ക്, അത് സാധ്യമാകുന്നില്ലെന്നും, അതിനാൽ ജില്ലയിൽതന്നെ മികച്ച സംവിധാനങ്ങളുണ്ടാവേണ്ടത് അനിവാര്യമാണെന്നും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ അഭിപ്രായപ്പെട്ടു.
നീറ്റ്, നാറ്റ, യു.ജി.സി മുതലായ അഖിലേന്ത്യാ മത്സര പരീക്ഷകൾക്ക് ജില്ലയിൽ കേന്ദ്രങ്ങളില്ലാത്തതിനാൽ നിരവധി വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വയനാട്ടിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ കൂടുതൽ കോഴ്സുകൾ കൊണ്ടുവരാനും, മാനന്തവാടി മണ്ഡലത്തിൽ അനുവദിച്ച റൂസ്സ കോളേജ് പ്രവർത്തനക്ഷമമാക്കാനും സത്വര പരിഗണന നൽകുമെന്ന് ഒ.ആർ.കേളു എം.എൽ.എ പറഞ്ഞു.
സ്കൂൾ – കോളേജ് തലങ്ങളിൽ വിജയിക്കുന്നവരുടെ എണ്ണത്തിൽ മാത്രമല്ല; ഗുണമേൻമയിലും ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലയിലെ ഗോത്രവർഗ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് ഉയർന്ന പരിഗണന നൽകും. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം, അക്കാദമിക നിലവാരം ഉയർത്താനും ജില്ലാ പഞ്ചായത്ത് പദ്ധതികളാവിഷ്കരിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ചെയർമാൻ എച്ച്.ബി പ്രദീപ് മാസ്റ്റർ, കോഴിക്കോട് ആർട്സ് ആൻ്റ് സയൻസ് കോളേജ് സ്റ്റാറ്റിറ്റിക്സ് വകുപ്പു മേധാവി ഡോ. ഇസഡ്. എ. അഷ്റഫ്, സിജി ചെയർമാൻ അഡ്വ.എം.സി.എം ജമാൽ, ഡോ.എം.പി. അനിൽ, കെ.മുഹമ്മദ് ഷാ മാസ്റ്റർ, ഡോ.ബാവ കെ.പാലുകുന്ന് എന്നിവർ സംസാരിച്ചു.